ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ കേരളത്തിലെ നഗരപ്രദേശങ്ങളെ കേന്ദ്രീകരിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന "വിമൻ ഫോർ ട്രീ'-ഹരിത നഗരം ക്യാമ്പയിന്റെ ഭാഗമായി ഇന്നലെ(5-6-2025) മുപ്പതിലേറെ നഗരസഭകളിൽ വൃക്ഷത്തൈകൾ നട്ടു. തിരുവനന്തപുരത്ത് മേയർ ആര്യാ രാജേന്ദ്രനാണ് വൃക്ഷത്തൈ നട്ടത്. ഒാഗസ്റ്റ് വരെ നീളുന്ന ക്യാമ്പയിനിൽ ബാക്കി നഗരസഭാ പ്രദേശങ്ങളിലും സാധ്യമായ ഇടങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനാണ് പദ്ധതി.
സ്ത്രീകളിലൂടെ നഗരഹരിതവൽക്കരണവും ശുചിത്വവുമാണ് ക്യാമ്പയിന്റെ ലക്ഷ്യം. നഗരമേഖലയിലെ ജലാശയങ്ങൾ, പാർക്കുകൾ എന്നിവയുടെ സമീപവും വഴിയോരങ്ങളിലുമാണ് പ്രധാനമായും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നത്. ഇതിനാവശ്യമായ വൃക്ഷത്തൈകൾ കൃഷി വകുപ്പ്, കുടുംബശ്രീ നഴ്സറികൾ, മറ്റു പ്രാദേശിക വിപണന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നുമാണ് ലഭ്യമാക്കുക.
ക്യാമ്പയിന്റെ ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നേരത്തെ 93 നഗരസഭാ പ്രദേശങ്ങളിലും മരങ്ങൾ നടാനുള്ള സാധ്യതകൾ കണ്ടെത്തിയിരുന്നു. ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി നഗരമേഖലയിൽ രൂപീകരിച്ച കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾ മുഖേനയാണ് ഇതു കണ്ടെത്തിയത്. നഗരസഭകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, വിദ്യാലയങ്ങൾ എന്നിവയുടെ പങ്കാളിത്തവും ഇതിനായി ലഭിച്ചിരുന്നു.
വൃക്ഷത്തൈ നടീലും തുടർ പരിപാലനവും ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി നഗരമേഖലയിലെ കുടുംബശ്രീ അംഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ക്യാമ്പയിനിലൂടെ ഇവർക്ക് മെച്ചപ്പെട്ട ഉപജീവന മാർഗം ലഭ്യമാകുന്നതിന് അവസരമൊരുങ്ങും. കുടുംബശ്രീ പ്ളാന്റ് നഴ്സറികൾ, കമ്പോസ്റ്റ് യൂണിറ്റുകൾ എന്നിവയെ ക്യാമ്പയിൻ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കും. നഗരഹരിതവൽക്കരണ പ്രവർത്തനങ്ങൾക്ക് അമൃത് മിഷന്റെ സഹകരണവും ഉണ്ടാകും. സുസ്ഥിര നഗര വികസനം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം നഗരങ്ങളിലെയും പട്ടണങ്ങളിലെയും സ്ത്രീകൾക്ക് മികച്ച ഉപജീവനമാർഗങ്ങൾ സൃഷ്ടിക്കുന്നതിനും ക്യാമ്പയിൻ സഹായകമാകുമെന്നാണ് പ്രതീക്ഷ.
കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം ആസൂത്രണം ചെയ്ത് രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന ക്യാമ്പയിനാണ് വിമൻ ഫോർ ട്രീ-ഹരിതനഗരം ക്യാമ്പയിൻ. അമൃത് മിഷനുമായി സഹകരിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾ. സംസ്ഥാന നഗര ഉപജീവന മിഷനുകൾ, നഗര തദ്ദേശ സ്ഥാപനങ്ങൾ, വനംവകുപ്പ് എന്നിവയുമായി സംയോജിച്ചു കൊണ്ടാണ് ക്യാമ്പയിൻ നടത്തുക.
- 9 views