'ഓണത്തിന് ഒരു ലക്ഷം തൊഴില്‍' എന്ന മുദ്രാവാക്യവുമായി, സ്ത്രീകള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി പ്രാദേശിക തൊഴിലുകള്‍ ലഭ്യമാക്കുന്നതിന് വിജ്ഞാനകേരളവുമായി സഹകരിച്ചുകൊണ്ട് ക്യാമ്പയിനുമായി കുടുംബശ്രീ.
തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷിന്റെ അധ്യക്ഷതയില്‍ തൃശ്ശൂര്‍ കിലയില്‍ മൂന്നാം തിയതി മുതല്‍ 5 വരെ സംഘടിപ്പിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും അവലോകന യോഗത്തിലാണ് ക്യാമ്പയിന് അവസാന രൂപം നല്‍കിയത്. വിജ്ഞാന കേരളം പ്രധാന ഉപദേഷ്ടാവ് ഡോ. ടി.എം. തോമസ് ഐസക്ക്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ ഐ. എ.എസ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ്, പ്രധാന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗങ്ങളില്‍ പങ്കെടുത്തു.
കിലയിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ മന്ത്രി എം.ബി.രാജേഷ്, തോമസ് ഐസക്, എച്ച്. ദിനേശൻ ഐ.എ.എസ്, കില ഡയറക്ടർ ജനറൽ നിസാമുദ്ദീൻ ഐ.എ.എസ്, ശുചിത്വ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ യു.വി. ജോസ് ഐ.എ.എസ് (റിട്ട) എന്നിവരും പങ്കെടുത്തു.
തൊഴില്‍ പ്രാപ്തരായ ജോലിക്കാരെ ലഭിക്കുന്നില്ല എന്ന ഒരു പ്രധാന പ്രശ്‌നം കേരളത്തിലെ തൊഴില്‍ സംരംഭകര്‍ നേരിട്ടുവരുന്നു. അതേസമയം തൊഴില്‍ പ്രായത്തിലുള്ള സ്ത്രീകളില്‍ 20ശതമാനം പേര്‍ മാത്രമേ വീടിന് പുറത്തുള്ള ജോലികളില്‍ ഏര്‍പ്പെടുന്നുമുള്ളു. ഇത് ഏതാനും വര്‍ഷം കൊണ്ട് 50 ശതമാനമായി ഉയര്‍ത്തുകയെന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഈ ക്യാമ്പയിനിലൂടെ കുടുംബശ്രീ ഇതിന് തുടക്കം കുറിക്കുകയാണ്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ക്യാമ്പയിന്‍.
- 53 views