കുടുംബശ്രീയുടെ നേതൃത്വത്തില്‍ ലോക ക്ഷീരദിനം ആഘോഷിച്ചു

Posted on Monday, June 16, 2025

അവബോധ ക്ലാസ്സുകള്‍, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, മത്സരങ്ങള്‍, വൈവിധ്യമാര്‍ന്ന പാലുത്പന്നങ്ങളുടെ തയാറാക്കല്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ജൂണ്‍ ഒന്നിലെ ലോക ക്ഷീരദിനം കുടുംബശ്രീ ആഘോഷിച്ചു. ജൂണ്‍ 1 മുതല്‍ 9 വരെയുള്ള ദിനങ്ങളിലായിരുന്നു ജില്ല, സി.ഡി.എസ്, ബ്ലോക്ക്തലങ്ങളിലായി കുടുംബശ്രീ മൃഗസംരക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ചത്.

പാലിന്റെ ശക്തി നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്നതായിരുന്നു ഇത്തവണത്തെ ലോക ക്ഷീരദിനത്തിന്റെ ആശയം. പാലിന്റെ ഉപഭോഗം പ്രോത്സാഹിപ്പിക്കുക, പോഷകാഹാര വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍, പ്രായമായവര്‍, സമൂഹത്തിലെ അംഗങ്ങള്‍ എന്നിവര്‍ക്കിടയില്‍ പാലിന്റെ പോഷക ഗുണങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുക, ക്ഷീരകര്‍ഷകരെ ആദരിക്കുക, ക്ഷീര ഉത്പന്ന യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളായിരുന്നു ക്ഷീരദിനാഘോഷത്തിനുണ്ടായിരുന്നത്.

ജൂണ്‍ രണ്ടിന് സംഘടിപ്പിച്ച ബഡ്സ് സ്ഥാപന പ്രവേശനോത്സവമായി ബന്ധപ്പെട്ട് അതാത് സി.ഡി.എസുകളിലെ മൃഗസംരക്ഷണ വിഭാഗം കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ കുടുംബശ്രീ ക്ഷീര കര്‍ഷകരില്‍ നിന്നും പാല്‍ വാങ്ങി, ബഡ്‌സ് സ്ഥാപന പരിശീലനാര്‍ത്ഥികള്‍ക്ക് പാല്‍, പാല്‍പ്പായസം എന്നിവ തയാറാക്കി വിതരണം ചെയ്തത് ഇതില്‍ ഏറെ വ്യത്യസ്തമായ പ്രവര്‍ത്തനമായിരുന്നു.

ക്ഷീര കര്‍ഷകര്‍ക്ക് മൃഗഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അവബോധ ക്ലാസ്സുകള്‍, ആടുമാടുകള്‍ക്കുള്ള തീറ്റയുടെ സൗജന്യ വിതരണം, മികച്ച ക്ഷീര കര്‍ഷകരെ ആദരിക്കല്‍, കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്ക് വേണ്ടി 'ക്ഷീരദിനം' എന്ന പ്രമേയത്തില്‍ ചിത്രരചന മത്സരങ്ങള്‍, ക്വിസ് മത്സരങ്ങള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും, ഫാം സന്ദര്‍ശനം, അംഗണവാടികളില്‍ പാല്‍ വിതരണം, കുടുംബശ്രീ അംഗങ്ങള്‍ക്ക് പാലിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ സി.ഡി.എസ്തലത്തില്‍ സംഘടിപ്പിച്ചു. പ്രദേശത്തെ ജനപ്രതിനിധികള്‍, സി.ഡി.എസ് അംഗങ്ങള്‍, പശു സഖിമാര്‍, മൃഗഡോക്ടര്‍ മറ്റ് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഈ പരിപാടികള്‍ സംഘടിപ്പിച്ചത്.

മലപ്പുറം ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ക്ഷീരവകുപ്പുമായി സഹകരിച്ച് ജില്ലാതല ക്ഷീരദിനാഘോഷം സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ മിഷന്‍ ജൂണ്‍ നാലിന് ജില്ലാതലത്തില്‍ ക്ഷീര കര്‍ഷക സംഗമവും സെമിനാറും നടത്തി. കാസര്‍ഗോഡ് ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ മില്‍മയുടെ സഹകരണത്തോടെ കാഞ്ഞങ്ങാട് മില്‍മ ഡയറി യൂണിറ്റിലേക്ക് കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് എക്‌സ്‌പോഷര്‍ വിസിറ്റ് സംഘടിപ്പിച്ചു. അവര്‍ക്ക് അവബോധ ക്ലാസ്സുകളും നല്‍കി. പാലക്കാട് ജില്ലാ മിഷന്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ക്ഷീരോത്സവം പരിപാടി സംഘടിപ്പിച്ചു. കര്‍ഷകര്‍ക്ക് അവബോധ സെഷന്‍, മെഷീനറി എക്‌സ്‌പോ, ക്ഷീരകര്‍ഷകരെ ആദരിക്കല്‍ എന്നിവ ഇതിൻ്റെ ഭാഗമായി നടത്തി. ആലപ്പുഴ ജില്ലാ മിഷൻ പാലിൽ നിന്നും മൂല്യവർധിത ഉല്പന്നങ്ങൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വയനാട് ജില്ലാ മിഷൻ പ്രത്യേക സെമിനാറുകളും ക്വിസ് മത്സരവുമാണ് സംഘടിപ്പിച്ചത്.

Content highlight
Kudumbashree celebrated World Milk Day